രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; ക്ഷണം ലഭിച്ചില്ലെങ്കിലും പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ് വിന്ദർസിംഗ് സുഖു. ക്ഷണം ലഭിച്ചില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് സുഖ് വിന്ദർസിംഗ് സുഖു അറിയിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിന്നുള്ള ആദ്യ പ്രതികരണമാണ് ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

അതേസമയം അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ ഉയരുന്ന രാഷ്ട്രീയ വിമർശനങ്ങളെ പ്രതിരോധിച്ച് വിശ്വഹിന്ദു പരിഷത്തും, രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റും രംഗത്തെത്തി. നരേന്ദ്രമോദി രാജ്യത്തിൻറെ പ്രധാനമന്ത്രിയാണ്. ആ നിലക്കാണ് അദ്ദേഹത്തിന് ക്ഷണം നൽകിയിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റ് അലോക് കുമാർ വ്യക്തമാക്കി. പ്രധാനപാർട്ടികൾക്കെല്ലാം ക്ഷണം നൽകണമെന്നും ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് ആഗ്രഹിക്കുന്നതെന്നും അലോക് കുമാർ വ്യക്തമാക്കി.

ശ്രീരാമനെ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമെന്ന ശിവസേനയുടെ പ്രതികരണം രാമനേയും രാമഭക്തരേയും അപമാനിക്കുന്നതാണെന്ന് ക്ഷേത്രത്തിലെ മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞു.