അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങ്; കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരൻ

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് വ്യക്തമാക്കി കെ മുരളീധരൻ. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കുമെന്നും കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരൻ അറിയിച്ചു. കെ സി വേണുഗോപാലിനെ കേരളത്തിന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഒരിക്കലും പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് വിഷയത്തിൽ തീരുമാനമെടുക്കും. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ സിപിഎമ്മിന്റേത് പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിധിയില്ലാത്ത വർഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. മതാചാരം പ്രകാരം ഭരണകർത്താവല്ല ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. തന്ത്രിമാരാണ്. എല്ലാവരുടേയും വികാരങ്ങൾ മാനിച്ചേ കോൺഗ്രസ് നിലപാട് എടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.