ജനങ്ങളുടെ സാമാന്യ യുക്തിയെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്; വിമർശനവുമായി വി ഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവകേരള സദസ്സ് നടന്ന 44 ദിവസവും കേരളത്തിന്റെ തെരുവുകളിൽ യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി നൽകുന്നതു പ്രതിപക്ഷ സമരങ്ങളോടു മുഖ്യമന്ത്രി നടത്തുന്ന ഏറ്റവും വലിയ പരിഹാസമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സാമാന്യ യുക്തിയെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമരങ്ങളോടുളള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച ഉദ്യോഗസ്ഥനും നിയമവിരുദ്ധമായി കെഎസ്യു പ്രവർത്തകരെ തല്ലിച്ചതച്ച ഉദ്യോഗസ്ഥനുമൊക്കെയാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നത്. സമരങ്ങളിലൂടെ വളർന്നുവന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവാണ് ഇപ്പോൾ സമരങ്ങളോട് അസഹിഷ്ണുതയും വെറുപ്പും കാട്ടുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പരിഹാസമാണിത്. പൊലീസ് ഉദ്യോഗസ്ഥനോടു കക്കൂസ് കഴുകാൻ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോൾ അത് നോക്കിനിന്ന് ചിരിച്ച്, അയാളെ ഒക്കത്ത് എടുത്തു കൊണ്ടുപോയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്. അയാൾക്കു കൂടി ഗുഡ് സർവീസ് എൻട്രി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചാലക്കുടിയിൽ ഡിവൈഎഫ്‌ഐ നേതാക്കൾ പൊലീസ് ജീപ്പ് തകർത്തപ്പോൾ നോക്കിനിന്ന ഉദ്യോഗസ്ഥരും ഗുഡ് സർവീസ് എൻട്രിക്ക് അർഹരാണ്. നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ അകമ്പടിയിലാണു കേരളത്തിന്റെ മുഖ്യമന്ത്രി സഞ്ചരിച്ചത്. അക്രമം നടത്തിയ പൊലീസുകാർക്കു ഗുഡ് സർവീസ് എൻട്രി. കേരളീയത്തിൽ കള്ളപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥനു ട്രോഫി. കാപ്പ പ്രകാരം ജയിലിൽ അടയ്‌ക്കേണ്ടവനാണു മുഖ്യമന്ത്രിക്കു കാവൽ പോകുന്നത്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണു പിണറായി വിജയൻ. മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുത്. കാരണം നിഴലിനെ പോലും മുഖ്യമന്ത്രിയ്ക്ക് പേടിയാണ്. പരസ്പര ബന്ധമില്ലാതെയാണു മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്തിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടിയപ്പോൾ ബിജെപി സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രിയെ സഹായിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉപയോഗിച്ച അതേ വാക്കുകൾ കൊണ്ടാണു ബിജെപി പ്രസിഡന്റ് തന്നെ അക്രമിച്ചത്. ബിജെപിക്കു കേരളത്തിൽ ഒരിടം ഇല്ലാതിരിക്കുന്നതു കോൺഗ്രസിന്റെ ഇടപെടൽ കാരണമാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടന്ന വർഷമാണു കടന്നു പോകുന്നത്. മണിപ്പുരിൽ 254 പള്ളികളാണു സംഘപരിവാർ തകർത്തത്. സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷം വേണ്ടെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയാണു സംഘപരിവാർ സംഘടനകൾ. രാജ്യവ്യാപകമായി ക്രൈസ്തവരെ വേട്ടയാടുന്നവർ ആട്ടിൻതോലിട്ട ചെന്നായ്ക്കളായി ഇപ്പോൾ ഇറങ്ങിയിരിക്കുകയാണ്. കേരളത്തിലെ ക്രൈസ്തവർക്ക് അതു കൃത്യമായി ബോധ്യപ്പെടുമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.