കൊച്ചി: കുടുങ്ങിക്കിടക്കുന്ന ശബരിമല തീർഥാടകർക്ക് അടിയന്തര സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. കോട്ടയം, പാല, പൊൻകുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്.
കുടുങ്ങിക്കിടക്കുന്ന തീർഥാടകർ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ആവശ്യമായ സൗകര്യം നൽകണം. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമലയിലേക്ക് വരുന്ന തീർഥാടകർ 14 മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. ഇതിന് അറുതി വരുത്തണം. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തണം. ബുക്കിങ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതിവിശേഷമുണ്ട്. അതിനൊരു പരിഹാരം ഉണ്ടാവണമെന്നും കോടതി കൂട്ടിച്ചേർത്തു.
തീർഥാടകരെ കടത്തി വിടുന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ തിരക്ക് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്താണ് ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുകയെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു.

