ക്രിസ്മസ് തിരക്ക്; സ്‌പെഷൽ വന്ദേഭാരത് സർവീസ് നടത്തി റെയിൽവേ

പാലക്കാട്: ക്രിസ്മസ് തിരക്കു കണക്കിലെടുത്തു റെയിൽവേ ഇന്ന് ചെന്നൈ കോഴിക്കോട് സ്‌പെഷൽ വന്ദേഭാരത് സർവീസ് നടത്തും. പുലർച്ചെ 4.30നു ചെന്നൈയിൽ നിന്നു പുറപ്പെട്ട 8 കോച്ചുള്ള ട്രെയിൻ ഉച്ചകഴിഞ്ഞു 3.20നു കോഴിക്കോട് എത്തും. മടക്ക സർവീസ് ഇല്ല.

30നു കൊങ്കൺ റെയിൽവേയ്ക്കു കീഴിൽ മംഗളൂരുവിൽ നിന്നു ഗോവയിലേക്ക് ആരംഭിക്കുന്ന വന്ദേഭാരതിന്റെ റേക്കുകൾ ഉപയോഗിച്ചാണു സ്‌പെഷ്യൽ സർവീസ് നടത്തുന്നത്.

അതേസമയം, കോയമ്പത്തൂർ ബെംഗളൂരു വന്ദേഭാരത് ഡിസംബർ 30ന് ആരംഭിക്കുമെന്നാണു വിവരം. അതേസമയം, ജനുവരി 3നു തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യാർഥം രണ്ടു വന്ദേഭാരത് സർവീസുകളുടെയും ഉദ്ഘാടനം മാറ്റിയാൽ ക്രിസ്മസ് സ്‌പെഷൽ വന്ദേഭാരത് കോഴിക്കോട്ടു നിന്നു ചെന്നൈയ്ക്കു തിരിച്ചു സർവീസ് നടത്തും. റേക്ക് പിന്നീടു മംഗളൂരുവിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.