ചെന്നൈ: ഡിഎംകെ നേതാവും തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്രമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക്‌പോര്. പ്രളയദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്‌നാടിന് അനുവദിക്കണമെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാക്‌പോര് നടന്നത്. കേന്ദ്രസർക്കാർ എടിഎം അല്ല എന്നായിരുന്നു നിർമല സീതാരാമന്റെ പരാമർശം. കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചതെന്നായിരുന്നു ഉയനിധി സ്റ്റാലിൻ ഇതിന് മറുപടി നൽകിയത്. ജനങ്ങളുടെ നികുതിയുടെ അർഹമായ വിഹിതമാണ് ആവശ്യപ്പെട്ടതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു.
ഉദയനിധി സ്റ്റാലിന്റെ ഈ പരാമർശത്തിന് ശക്തമായ ഭാഷയിലാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്നു താൻ ചോദിച്ചാൽ എന്താകുമെന്ന് നിർമ്മലാ സീതാരാമൻ ചോദിച്ചു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഉദയനിധിയോടു വിരോധമില്ല. പക്ഷേ രാഷ്ട്രീയത്തിൽ അച്ഛന്റെ സ്വത്തിനെ കുറിച്ച് സംസാരിക്കേണ്ടതില്ല. മുത്തച്ഛനായ കരുണാനിധി വാക്കുകളുടെ ഉപയോഗം മനസ്സിലാക്കിയിരുന്ന സാഹിത്യകാരനാണെന്നതും അദ്ദേഹം മറക്കുന്നുവെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
എന്നാൽ, കരുണാനിധിയും ദ്രാവിഡചാര്യൻ പെരിയാറും തങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും ഓരോരുത്തരോടും അവരവരുടെ നിലവാരത്തിന് അനുസരിച്ചാണു സംസാരിക്കുകയെന്നും ഉദയനിധി സ്റ്റാലിൻ മറുപടി നൽകി.

