ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പലിന് നേരേ ഡ്രോൺ ആക്രമണം

ന്യൂഡൽഹി: ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പലിന് നേരേ ഡ്രോൺ ആക്രമണം. ഗുജറാത്ത് തീരത്തിന് അടുത്താണ് ആക്രമണം നടന്നത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തവും സ്‌ഫോടനവും ഉണ്ടായി. 20 ഓളം ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.

സൗദിയിലെ തുറമുഖത്തിൽ നിന്ന് അസംസ്‌കൃത എണ്ണയുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു കപ്പൽ. തീയണച്ചെങ്കിലും, കപ്പലിന്റെ പ്രവർത്തനത്തെ തീപ്പിടുത്തം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഗുജറാത്തിലെ വെരാവലിൽ നിന്ന് 217 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് സംഭവം നടന്നത്.

അതേസമയം, ചരക്ക് കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. ആക്രമണവുമായി പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്ന് വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു. ഹൂതികളുടെ പ്രവർത്തനങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തേണ്ടെന്നും അലി ബഘേരി അറിയിച്ചു.