തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സഹായവുമായി സംസ്ഥാന സർക്കാർ. 20 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസിയ്ക്ക് അനുവദിച്ചിരിക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചയിൽ 71 കോടി രൂപ കെഎസ്ആർടിസിയ്ക്ക് അനുവദിച്ചിരുന്നു. പെൻഷൻ വിതരണത്തിന് വേണ്ടിയാണ് ഈ തുക നൽകിയത്.
ഈ മാസം ആദ്യം സഹായമായി 30 കോടി രൂപയും നൽകിയിട്ടുണ്ട്. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്. 121 കോടി രൂപയാണ് ഈ മാസം ഇതുവരെ കോർപറേഷന് സംസ്ഥാന സർക്കാർ നൽകിയത്.
1350 കോടിയാണ് ഒമ്പത് മാസത്തിനുള്ളിൽ സർക്കാർ കോർപറേഷന് നൽകിയത്. ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് കെഎസ്ആർടിസിയ്ക്കായി വകയിരുത്തിയത്. രണ്ടാം പിണറായി സർക്കാർ 5054 കോടി രൂപ കെഎസ്ആർടിസിക്കായി നീക്കിവച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ കെഎസ്ആർടിസിക്ക് 9990 കോടി രൂപ നൽകിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

