അടി, അടിയെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന നേതാവ് കേരളത്തിലുണ്ടായിട്ടില്ല; പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടി, അടിയെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു നേതാവ് ഇതിന് മുമ്പ് കേരളത്തിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ സംയമനം പാലിക്കാൻ പറഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോഴും അടി അടി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. മാധ്യമങ്ങൾ അത് കാണുന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മാധ്യമ പ്രവർത്തകരുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്താൻ പറ്റിയവരുണ്ട്. പോലീസ് കേസെടുക്കുന്നത് അവരുടെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോലീസ് നടപടി തെറ്റാണെന്ന് മാധ്യമങ്ങൾ പറയുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. സാധാരണ മാധ്യമപ്രവർത്തനം ഗൂഢാലോചന അല്ല. അതിൽ നിന്ന് മാറിപ്പോകുമ്പോഴാണ് ഗൂഢാലോചന ആകുന്നത്. ഗൂഢാലോചന അല്ല എന്ന് തെളിവുണ്ടെങ്കിൽ അത് ഹാജരാക്കിക്കോളൂ. മാധ്യപ്രവർത്തനം മാധ്യമപ്രവർത്തനമായി നടത്തണം. അതിന് ആരും ഇവിടെ തടസ്സമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസ് കേസെടുത്തിരിക്കുന്നത് ഗൂഢാലോചനയുടെ പേരിലാണ്. താനത് പരിശോധിക്കേണ്ട കാര്യമില്ല. പോലീസ് പറയുന്നതിൽ തനിക്ക് വിശ്വാസക്കുറവില്ല. മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്തുന്നവരുണ്ട്. ഒച്ച ഉയർത്തി കാര്യം നടത്താമെന്ന് ആരും കരുതേണ്ട. നവകേരള സദസ്സ് അത്യപൂർവ്വമായ അധ്യായമായി. പദ്ധതികളുടെ പൂർത്തീകരണത്തിനും നാടിന്റെ മുന്നോട്ട് പോക്കിനുമായി കൂടുതൽ ഊർജസ്വലതയോടെ മുന്നേറുന്നതിനുള്ള ജനപിന്തുണയാണ് നവകേരള സദസ്സിലൂടെ സർക്കാർ തേടിയത്. വമ്പിച്ച പങ്കാളിത്തത്തിലൂടെ കേരള ജനത പിന്തുണച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി സ്വദേശി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിൽ അദ്ദേഹം പ്രതികരണം നടത്തി. ഹൈക്കോടതി സർക്കാരിനെ വിമർശിച്ചതായി കാണേണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സർക്കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങൾ അവർ പറയുന്നു. അതിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കും. 600 രൂപയുണ്ടായിരുന്ന പെൻഷൻ 1600 രൂപയാക്കി നൽകുന്നത് ആരും പറഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.