വയനാട്: വയനാട്ടിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ പുത്തൂർ മൃഗശാലയിലെത്തിച്ചു. ശസ്ത്രകിയയ്ക്ക് ശേഷം പുതുജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് കടുവ. 8 സെന്റിമീറ്റർ ആഴത്തിലുണ്ടായിരുന്ന മുറിവു ശസ്ത്രക്രിയയിലൂടെ തുന്നി കെട്ടി. വലതു കൈയിലുണ്ടായിരുന്ന മുറിവിലും മരുന്നുകൾ വച്ചുകെട്ടി. കടുവയ്ക്ക് പുതിയ പേരിടുകയും ചെയ്തിട്ടുണ്ട്. രുദ്രൻ എന്നാണ് കടുവയ്ക്ക് നൽകിയിരിക്കുന്ന പേര്.
വ്യാഴാഴ്ച്ചയാണ് കടുവയുടെ ശസ്ത്രക്രിയ നടന്നത്. ഇന്നലെ പുലർച്ചെയാണ് കടുവ ഉണർന്നത്. പിന്നീട് കൂട്ടിൽ വച്ചിരുന്ന വെള്ളം കുടിച്ചു. ഉച്ചയ്ക്കു നൽകിയ 5 കിലോ പോത്തിറച്ചി പല തവണയായി ഭക്ഷിച്ചു. കൂട്ടിൽ പല തവണ എഴുന്നേറ്റ് നിൽക്കുകയും ചെയ്തു. മരുന്നു നൽകാനുള്ള സൗകര്യത്തിനുവേണ്ടി മൃഗശാലയിലെ ഐസലേഷൻ കേന്ദ്രത്തിലെ ചെറിയ ക്യൂബിക്കിളിലാണ് കടുവയെ പാർപ്പിച്ചിരിക്കുന്നത്. ഐസോലേഷൻ കേന്ദ്രത്തിലെ ചെറിയ കൂട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഇപ്പോൾ കടുവ.

