നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി; മുതിർന്ന നേതാക്കൾക്ക് നേരെ വിമർശനവുമായി രാഹുൽ

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്ക് നേരെ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളെ വിമർശിച്ചത്. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് തുടങ്ങിയവർക്ക് നേരെയാണ് രാഹുൽ വിമർശനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പാണെന്ന് മുതിർന്ന നേതാക്കൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

സംസ്ഥാനത്തെ ജനവിധി മുന്നിൽക്കാണാൻ കഴിയാതെ എന്ത് അടിസ്ഥാനത്തിലാണ് വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതെന്ന് മുതിർന്ന നേതാക്കളോട് രാഹുൽ ഗാന്ധി ചോദിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നായിരുന്നു അശോക് ഗലോട്ട് പറഞ്ഞിരുന്നത്. മദ്ധ്യപ്രദേശിൽ കടുത്ത ഭരണവിരുദ്ധവികാരമുണ്ടെന്നാണ് കമൽനാഥ് വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി നേതാക്കളെ വിമർശിച്ചത്.