കോവിഡ്; കർണാടകയിൽ ക്രിസ്മസ് ആഘോഷത്തിനും പുതുവത്സരാഘോഷങ്ങൾക്കും കർശന നിയന്ത്രണം ഉണ്ടാകില്ല

ബംഗളുരു: കർണാടകയിൽ ക്രിസ്മസ് ആഘോഷത്തിനും പുതുവത്സരാഘോഷങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തില്ല. ബംഗളുരുവിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് ടെക്‌നിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല. എന്നാൽ കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. മുതിർന്ന പൗരൻമാർക്ക് മാസ്‌ക് നിർബന്ധമെന്ന ചട്ടം തുടരുമെന്നും അധികൃതർ വിശദീകരിച്ചു.

അതേസമയം, കർണാടകയിൽ 15 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 105 സജീവ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.