അയൽക്കാർ ചന്ദ്രനിൽ എത്തിയിട്ടും പാകിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്ന് ഉയർന്നിട്ടില്ല; നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഇന്ത്യയെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. അയൽക്കാർ ചന്ദ്രനിൽ എത്തിയിട്ടും പാകിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്ന് ഉയർന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദിൽ പിഎംഎൽ-എൻ യോഗത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നമ്മുടെ അയൽക്കാർ ചന്ദ്രനിൽ എത്തിയിട്ടുണ്ട്. പക്ഷേ നമ്മൾ ഇതുവരെ ഭൂമിയിൽ നിന്ന് ഉയർന്നിട്ടില്ല. ഇങ്ങനെ പോയാൽ ശരിയാവില്ല. നമ്മുടെ തകർച്ചയ്ക്ക് നമ്മളാണ് ഉത്തരവാദികൾ. അല്ലാത്തപക്ഷം ഈ രാജ്യം മറ്റൊരു നിലയിൽ എത്തുമായിരുന്നു. പാകിസ്ഥാൻ നേരിട്ട വൈദ്യുത പ്രതിസന്ധിയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. 2013ൽ കടുത്ത ലോഡ് ഷെഡിംഗ് ആയിരുന്നു. തങ്ങൾ അധികാരത്തിൽ വന്നതോടെ അത് അവസാനിപ്പിച്ചു. രാജ്യത്തുടനീളമുള്ള തീവ്രവാദം അവസാനിപ്പിച്ചു. സമാധാനം പുനഃസ്ഥാപിച്ചു. കറാച്ചിയിൽ ഹൈവേകൾ നിർമ്മിച്ചു. വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗം ആരംഭിച്ചവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1993, 1999, 2017 വർഷങ്ങളിലായി മൂന്ന് തവണ അധികാരത്തിൽ നിന്ന് താൻ പുറത്താക്കപ്പെട്ടു. തനിക്കെതിരെയും പിഎംഎൽ എൻ നേതാക്കൾക്കെതിരെയും വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.