കാനഡയിൽ ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് പ്രഖ്യാപിച്ച് കാനഡ. കാനഡയിൽ ബന്ധുക്കളുള്ള പാലസ്തീന്‍ അഭയാർത്ഥികൾക്ക് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാർക് മില്ലറാണ് താൽക്കാലിക വിസ നൽകുമെന്ന് വ്യാഴാഴ്ച വ്യക്തമാക്കിയത്. എന്നാൽ കാനഡ വിസ നൽകുന്നവരെ സുരക്ഷിതമായി പാലസ്തീനിന് പുറത്തേക്ക് എത്തിക്കാനാവുമോയെന്ന കാര്യത്തിൽ ഉറപ്പ് നൽകുന്നില്ല. പാലസ്തീൻ അഭയാർത്ഥികൾക്ക് ജനുവരി ഒന്‍പത് മുതലാകും താൽക്കാലിക വിസ നൽകുക.
അതുവരെ ഗാസയിലുള്ള 660 കാനഡ സ്വദേശികളേയും അവരുടെ കുടുംബങ്ങളേയും പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മാർക് മില്ലർ വ്യക്തമാക്കുന്നത്. കാനഡ വിശദമാക്കുന്നത് കാനഡയിലുള്ളവരുടെ രക്ഷിതാക്കൾ, മുത്തച്ഛൻ മുത്തശ്ശി, സഹോദരങ്ങൾ, പേരക്കുട്ടികൾ എന്നിവരടക്കമുള്ളവർക്ക് താൽക്കാലിക വിസ നൽകുമെന്നാണ്. ഈ താൽക്കാലിക വിസയുടെ കാലാവധി മൂന്ന് വർഷത്തേക്കാവും.എത്ര പേർ ഇതിലേക്ക് അപേക്ഷിക്കുമെന്ന് അറിയില്ലെന്നും എന്നാൽ നൂറ് കണക്കിന് പേർ ഈ അവസരം ഉപയോഗിക്കുമെന്ന വിലയിരുത്തലിലാണ് കാനഡ സർക്കാരുള്ളത്.

