പ്രധാനമന്ത്രിക്കെതിരായ പരാമർശം; രാഹുൽ ഗാന്ധി വീണ്ടും വെട്ടിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും വെട്ടിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി എന്നിവരെ രാഹുൽ ഗാന്ധി പോക്കറ്റടിക്കാർ എന്ന് വിളിച്ചത് തെറ്റാണെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. രാഹുലിനെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്ന നിർദ്ദേശം.

നവംബർ 22-ന് രാജസ്ഥാനിലെ നദ്ബായിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നവംബർ 23-ന് രാഹുലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നവംബർ 25-നകം മറുപടി നൽകണമെന്ന് നിർദ്ദേശിച്ചിരുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ എട്ടാഴ്ച്ചയ്ക്കകം നടപടിയെടുക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി.

നിങ്ങൾ നൽകിയ സമയപരിധി അവസാനിച്ചു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. വിഷയത്തിൽ എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. പ്രകോപനപരമായ പ്രസംഗം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി തീർപ്പാക്കികൊണ്ടാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.