സലാര്‍, പൃഥ്വിരാജിന്റെയും ഒരു പാൻ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. പൃഥ്വിരാജും പ്രഭാസ് നായകനായ സലാറില്‍ ഒരു കഥാപാത്രമായി എത്തുന്നുവെന്ന് മാത്രമാണ് പ്രഖ്യാപന കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ റിലീസടുക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രം ചിത്രത്തില്‍ നിര്‍ണായകമാണ് എന്ന ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. പൃഥ്വിരാജാണ് സലാറിന്റെ വലിയ ആകര്‍ഷണം എന്ന് സംവിധായകൻ പ്രശാന്ത് നീലും വ്യക്തമാക്കുന്നു. സലാര്‍ സംവിധായകൻ പ്രശാന്ത് നീല്‍ പൃഥ്വിരാജിനെ ലഭിച്ചതിന്റെ സന്തോഷം വെളിപ്പെടുത്തിയത് രാജമൗലി നടത്തിയ അഭിമുഖത്തിലാണ്.
ഒരു വലിയ പാൻ ഇന്ത്യൻ ചിത്രമായതിന്റെ ഡിസൈൻ, സ്‍കെയില്‍, ഔട്ട്‌ലുക്ക് എന്നിവയേക്കാൾ കൂടുതല്‍ പ്രധാനം പൃഥ്വിരാജ് സാറിന് ലഭിച്ചു എന്നതാണ്. മികച്ച ഇമോഷണുണ്ടായതും വൻ സ്‍കെയിലായതും ചിത്രം മികച്ച ഡ്രാമയായതുമടക്കം എല്ലാം സംഭവിച്ചത് പൃഥ്വിരാജിനൊപ്പമാണ് എന്ന് പ്രശാന്ത് നീല്‍ അഭിപ്രായപ്പെട്ടപ്പോള്‍ കയ്യടിച്ച് പ്രഭാസ് അംഗീകരിക്കുകയും ചെയ്‍തു. ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് വേഷമിടുന്നത്. പ്രഭാസ് വേഷമിടുന്നത് ദേവയായിട്ടാണ്. സലാര്‍ അടുത്ത സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത് എന്ന് നേരത്തെ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു.
പ്രഭാസും പൃഥ്വിരാജും അടുത്ത സുഹൃത്തുക്കളായിട്ടാണ് ചിത്രത്തില്‍ എത്തുക എന്ന നേരത്തെ പുറത്തുവിട്ട ഗാനത്തില്‍ നിന്ന് മനസിലായിരുന്നു. പ്രഭാസും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സലാറിന് കേരളത്തിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ പ്രഭാസിന്റെ സലാറിന് വമ്പൻ നേട്ടമാണ്. ഇതിനകം കേരളത്തില്‍ സലാര്‍ ഒരു കോടിയില്‍ അധികം നേടിക്കഴിഞ്ഞു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. 22നാണ് സലാറിന്റെ റിലീസ്.

