ന്യൂഡൽഹി: ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ പൗരന്റെ പങ്കിനെക്കുറിച്ചുള്ള യുഎസിന്റെ ആരോപണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെളിവുകൾ സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചില സംഭവങ്ങൾ കൊണ്ട് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയില്ലെന്നും അദ്ദേഹം അറിയിച്ചു. വിദേശത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്ക പ്രധാനമന്ത്രി പങ്കുവെയ്ക്കുകയും ചെയ്തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവർ ഭീഷണിപ്പെടുത്തുന്നതിലും അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന ഘടകമാണ് സുരക്ഷാ, ഭീകരവിരുദ്ധ സഹകരണമെന്നും അദ്ദേഹം വിശദമാക്കി.
ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഇന്ത്യക്കാരനായ നിഖിൽ ഗുപ്ത പങ്കാളിയായെന്നായിരുന്നു ഉയർന്ന ആരോപണം. പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്നാരോപിച്ച് ജൂൺ 30 ന് ചെക്ക് അധികൃതർ ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. യുഎസും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കൈമാറൽ ഉടമ്പടി പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്.

