തൃശ്ശൂർ: എക്‌സിബിഷൻ ഗ്രൗണ്ട് വാടക കൂട്ടിയാൽ തൃശ്ശൂർ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് വ്യക്തമാക്കി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ. എക്സിബിഷൻ ഗ്രൗണ്ടിന് കൊച്ചിൻ ദേവസ്വം ബോർഡ് വാടക ഉയർത്തിയതിനെതിരെ ചേർന്ന യോഗത്തിൽ ദേവസ്വങ്ങൾ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവും ദേവസ്വങ്ങൾ ഉന്നയിച്ചു. എക്സിബിഷൻ ഗ്രൗണ്ടിന് കഴിഞ്ഞ വർഷത്തെ വാടക 39 ലക്ഷമായിരുന്നു.
എന്നാൽ, ഈ വർഷം 2.2 കോടി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇതോടെയാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന പ്രമേയം അവതരിപ്പിച്ചത്. എക്സിബിഷൻ നടത്തിവന്നിരുന്നത് പൂരത്തിന്റെ ചെലവുകൾ കണ്ടെത്താനാണ്. എന്നാൽ 2.2 കോടി നൽകാതെ ഗ്രൗണ്ട് വിട്ടുതരില്ലെന്ന നിലപാടിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. എന്നാൽ വാടക വർദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ദേവസ്വങ്ങൾ അറിയിക്കുന്നത്.
പൂരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസാണ് എക്‌സിബിഷൻ. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. രണ്ടേകാൽ കോടിയോളം രൂപയാണ് രണ്ടുമാസത്തോളം നീളുന്ന തൃശൂർ പൂരം എക്‌സിബിഷന് തേക്കിൻകാട് മൈതാനിയിൽ സ്ഥലം അനുവദിക്കുന്നതിനായി കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്.

