ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ മുന്നണി. പാർലമെന്റ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം. പാർലമെന്റിൽ രണ്ട് പേർക്ക് അതിക്രമിച്ച് കയറാൻ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാർ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.
സംഭവത്തിൽ ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്‌പെൻഡ് ചെയ്തതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ന് ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ പാർലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്ക് കൂട്ട സസ്‌പെൻഷൻ ലഭിച്ചതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. 78 എം പിമാരെയാണ് ഇന്നലെ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. 92 പ്രതിപക്ഷ എം പിമാർക്കാണ് ഈ സമ്മേളന കാലയളവിൽ സസ്‌പെൻഷൻ ലഭിച്ചത്.
ലോക് സഭയിൽ 33 എംപിമാരെ ആദ്യം സസ്‌പെൻഡ് ചെയ്തു. പിന്നീട് രാജ്യസഭയിൽ 45 എംപിമാരെയും സസ്‌പെൻഡ് ചെയ്തു. പതിനൊന്ന് പേർക്ക് മൂന്ന് മാസവും മറ്റുള്ളവർക്ക് സഭാ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്‌പെൻഷൻ.
കേരളത്തിൽ നിന്ന് എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ആൻറോ ആൻറണി, കെ മുരളീധരൻ, ഇടി മുഹമ്മദ് ബഷീർ , ബിനോയ് വിശ്വം , ജോൺ ബ്രിട്ടാസ്, ജെബി മേത്തർ, സന്തോഷ് കുമാർ, എഎ റഹിം എന്നിവരേയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിനെയും സസ്‌പെൻഡ് ചെയ്തു.

