റേഷൻ വിതരണം; സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ച് സർക്കാർ. റേഷൻ വിതരണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചത്. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്.

ഒമ്പത് മാസമായിട്ടും ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകിയത്.