എറണാകുളം: മാസപ്പടി കേസിൽ കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ്ജ് നൽകിയ ഹർജി വ്യാഴാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. കേസിൽ സിഎംആർഎൽ കമ്പനിയ്ക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. ഇതിന് ശേഷമാണ് കോടതി ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റിയത്.
മറ്റ് എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ തുടങ്ങിയവർക്ക് നോട്ടീസ് അയക്കുന്നതിൽ വ്യാഴാഴ്ച വാദം കേൾക്കും. മാസപ്പടി കേസിൽ രാഷ്ട്രീയ നേതാക്കളും, കമ്പനിയും ചേർന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് ഷോൺ ജോർജ് ഹർജിയിൽ പറയുന്നത്. കേരള തീരത്തെ അനധികൃത മൈനിംഗിനായി വൻ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വലിയ പൊതു നഷ്ടം കേരളത്തിന് ഉണ്ടാക്കിയതായും ഹർജിയിൽ വ്യക്തമാക്കുന്നു.
നേരത്തെ ഈ വിഷ്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐഒയ്ക്ക് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

