തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ രാജ്ഭവൻ. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കറുത്ത ബാനർ കെട്ടിയത് പൊലീസാണെന്നും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇതെന്നും രാജ്ഭവൻ വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് രാജ്ഭവൻ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ബാനർ കെട്ടില്ലെന്നും ഭരണഘടനാ സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുവെന്നും ഗവർണർ പറഞ്ഞുവെന്നും രാജ്ഭവൻ അറിയിച്ചു.
സർവകലാശാലയിൽ ഗവർണറുടെ നിർദേശ പ്രകാരം അഴിച്ചുമാറ്റിയ ബാനർ എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും കെട്ടുകയായിരുന്നു. വൈകിട്ട് നടക്കാൻ ഇറങ്ങിയ സമയത്തും ബാനറുകൾ നീക്കിയിട്ടില്ലെന്ന് മനസിലാക്കിയ ഗവർണർ മലപ്പുറം എസ്പിയോട് കയർത്തു. ഇതിനെത്തുടർന്ന്, എസ്പിയും പൊലീസുകാരും ചേർന്ന് 3 ബാനറുകളും അഴിച്ചു നീക്കി. ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിൽ തിരിച്ചുകെട്ടുകയായിരുന്നു.

