രാജ്യത്ത് വിവിധ കോടതികളിലായി തീർപ്പു കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ചു കോടിയിലധികം കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് വിവിധ കോടതികളിലായി തീർപ്പു കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ചു കോടിയിലധികം കേസുകൾ. 80,000 കേസുകളാണ് സുപ്രീം കോടതിയിൽ മാത്രം തീർപ്പ് കൽപ്പിക്കാതെ കിടക്കുന്നത് എന്നാണ് ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാളാണ് ഇത് സംബന്ധിച്ച കണക്കുകൾ ലോക്സഭയിൽ അവതരിപ്പിച്ചത്. ഡിസംബർ ഒന്നു വരെയുള്ള കണക്കുകളാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. തീർപ്പാക്കാതെ കിടക്കുന്ന 5,08,85,856 കേസുകളിൽ 61 ലക്ഷത്തിലധികം കേസുകൾ 25 ഹൈക്കോടതികളിലായി ഉണ്ട്. ജില്ലാ കീഴ് കോടതികളിലായി 4.46 കോടി കേസുകൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

26,568 ജഡ്ജിമാരാണ് വിവിധ കോടതികളിലായി രാജ്യത്ത് ആകെയുള്ളത്. 34 ജഡ്ജിമാരാണ് സുപ്രീംകോടതിയിൽ ഉള്ളത്. ഹൈക്കോടതിയിൽ 1114 ജഡ്ജിമാരും ഉണ്ട്.