കിഫ്ബി മസാലബോണ്ട്; അന്വേഷണവുമായി മുന്നോട്ടു പോകാൻ ഇഡി

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻമന്ത്രി തോമസ് ഐസക്കിന് അടുത്തയാഴ്ച പുതിയ നോട്ടീസ് അയക്കാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. അടുത്തയാഴ്ച്ചയാണ് സമൻസ് അയക്കുക.

കേസിൽ ചോദ്യംചെയ്യൽ നടപടിയുമായി മുന്നോട്ടുപോകാനാണ് ഇഡിയ്ക്ക് നിയമോപദേശം ലഭിച്ചത്. ഹൈക്കോടതി ഉത്തരവ് അനുകൂലമാണെന്ന വിലയിരുത്തലിലാണ് ഇഡി. അത് നിയമപരമല്ലെന്ന വാദമുന്നയിച്ചാണ് നോട്ടീസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. പോരായ്മകളുണ്ടെന്ന വിലയിരുത്തലിനു ശേഷം ആദ്യം നൽകിയ സമൻസുകളെല്ലാം പിൻവലിക്കുകയാണെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു.

വിദേശത്ത് മസാലബോണ്ടിറക്കിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇഡി നടത്തുന്നത്. ആർബിഐയുടെയുൾപ്പടെ നിലപാട് തേടിയപ്പോൾ മസാലബോണ്ടിറക്കാൻ അനുമതി നൽകിയെങ്കിലും ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ലംഘനമുണ്ടായോ എന്ന് നോക്കേണ്ടത് ഇ.ഡി. ആണെന്നായിരുന്നു ആർബിഐ വ്യക്തമാക്കിയത്.