ലോക്സഭയിലെ സുരക്ഷ വീഴ്ചയിൽ ഡൽഹി പൊലീസിൽ നിന്ന് വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം

ലോക്സഭയിലെ സുരക്ഷ വീഴ്ചയിൽ ഡൽഹി പൊലീസിൽ നിന്ന് വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം. രണ്ടു പേർ പാർലമെന്റിനകത്ത് അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്. ഫോറൻസിക് സം​ഘം പാർലമെന്റിനകത്ത് പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. രണ്ടു പേർ സന്ദർശക ​ഗാലറിയിൽ നിന്നാണ് നടുത്തളത്തിലേക്ക് ചാടിയത്. കളർ സ്പ്രേ ഉപയോ​ഗിച്ചത് എംപിമാരുടെ സീറ്റിന് മുകളിലൂടെ ഓടിയ സാ​ഗർ ശർമ എന്നയാളാണ്. സംഭവത്തിൽ കസ്റ്റഡിയിലായത് ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ്. രണ്ടു പേർ പുറത്താണ് പ്രതിഷേധം നടത്തിയത്. പാർലമെന്റിനകത്ത് അക്രമം നടത്തിയ സാ​ഗർ ശർമ മൈസൂരിൽ നിന്നുള്ള ബിജെപി എംപിയായ പ്രതാപ് സിം​ഹയുടെ പാസാണ് ഉപയോ​ഗിച്ചത്.