തിരുവനന്തപുരം: 2040നകം ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തി ഐഎസ്ആർഒ. എസ് സോമനാഥ് ചെയർമാൻ എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. 2024 ലെ മനോരമ ഇയർബുക്കിനു വേണ്ടി എഴുതിയ പ്രത്യേക ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. രണ്ടോ മൂന്നോ ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ (എൽഇഒ അഥവാ ലോവർ എർത് ഓർബിറ്റ്) മൂന്നു ദിവസം പാർപ്പിച്ച് സുരക്ഷിതമായി തിരികെ സമുദ്രത്തിൽ ഇറക്കുന്നതാണ് ഗഗൻയാൻ പരിപാടിയുടെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യോമസേനയിൽ നിന്നു നാല് പൈലറ്റുമാരെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ ബെംഗളൂരുവിലെ ആസ്ട്രനോട്ട് ട്രെയിനിങ് ഫെസിലിറ്റി (എടിഎഫ്) യിൽ പ്രത്യേക പരിശീലനത്തിലാണിവർ. നിർണായകവും സങ്കീർണവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗഗൻയാന്റെ ഉദ്ഘാടന ദൗത്യം നടക്കുന്നത്. മനുഷ്യനെ വഹിക്കാൻ കഴിയുന്ന പേടകം അഥവാ ഹ്യൂമൻ റിലേറ്റഡ് ലോഞ്ച് വെഹിക്കിളാണ് (എച്ച്എൽവി എം 3) ഇതിൽ പ്രധാനം. ക്രൂ മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ, ജീവൻ രക്ഷോപകരണങ്ങൾ എന്നിവ അടങ്ങിയതാണിത്. യഥാർഥ വിക്ഷേപണത്തിനുമുൻപ് മനുഷ്യനെക്കൂടാതെയുള്ള ദൗത്യങ്ങൾ (ജി 1, ജി 2) വിക്ഷേപിക്കും. ഇന്റഗ്രേറ്റഡ് എയർ ഡ്രോപ് ടെസ്റ്റ്, പാഡ് അബോർട്ട് ടെസ്റ്റ്, ടെസ്റ്റ് വെഹിക്കിൾ ഫ്ളൈറ്റ്സ് എന്നിവയാണ് മുന്നോടിയായി നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
ക്രൂ മൊഡ്യൂൾ നിർമ്മിച്ചിരിക്കുന്നത് ഭൂമിയിലേതിനു സമാനമായ അന്തരീക്ഷത്തോടെയാണ്. അതേസമയം, 2035 നകം ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ അഥവാ ബഹിരാകാശനിലയമെന്ന സ്വപ്ന പദ്ധതിക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ശുക്രന്റെ ഭ്രമണപഥത്തിലെത്താനും ചൊവ്വയിൽ ഇറങ്ങാനുമുള്ള ഗ്രഹാന്തരയാത്രകൾക്ക് സഹായിക്കുന്നതിനൊപ്പം ഈ ഉദ്യമം ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കുകയും ചെയ്യുമെന്ന് സോമനാഥ് കൂട്ടിച്ചേർത്തു.

