ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്ത്. വകതിരിവില്ലാത്ത ബോംബാക്രമണമാണ് ഗാസയിലേത് എന്നും ലോകജനതയില്‍നിന്ന് ഇസ്രയേലിന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. ഇതാദ്യമായാണ് യുദ്ധം തുടങ്ങിയതിന് ശേഷം ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക്‌ പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു. ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരത്തിന് നെതന്യാഹു സർക്കാരാണ് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.