ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്നും ഗവർണർ ചോദിച്ചു.
സർക്കാർ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കാൻ തയ്യാറാകുന്നില്ല. മറുഭാഗത്ത് വലിയ രീതിയിൽ ആഘോഷങ്ങൾ നടത്തുന്നതും ലക്ഷങ്ങൾ ചെലവഴിച്ച് സ്വിമ്മിങ് പൂളടക്കം നവീകരിക്കുന്നതും നാം കണ്ടതാണ്. 35 വർഷത്തോളം സേവനം ചെയ്തവർക്ക് പെൻഷൻ നൽകാൻ പണമില്ല. രണ്ട് വർഷം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായിരുന്നവർക്ക് പെൻഷൻ നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. പരാതി സ്വീകരിക്കാൻ മാത്രമാണ് യാത്ര. മൂന്നര ലക്ഷത്തിലധികം പരാതികൾ കിട്ടിയെന്ന് സർക്കാർ പറയുന്നു. ഇതിൽ ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നില്ല. ഇതെല്ലാം കളക്ടറേറ്റുകളിലോ മറ്റു സർക്കാർ ഓഫീസുകളിലോ സ്വീകരിക്കാവുന്ന പരാതികളല്ലേ. മികച്ച സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യവിൽപനയിലൂടെയും ഉണ്ടായതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന അവിടുത്തെ പ്രവാസികളുടെ സംഭാവനയാണ്. അതാണ് കേരളത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

