തിരുവനന്തപുരം: ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി എസ്എഫ്‌ഐ. ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രവർത്തകർ ഗോ ബാക്ക് മുദ്രാവാക്യം ഉയർത്തുകയും ചെയ്തു. ‘ആർഎസ്എസ് ഗവർണർ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം ഉയർന്നത്.
പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. തിരുവനന്തപുരം പേട്ട പള്ളിമുക്കിലായിരുന്നു സംഭവം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എവിടെയെന്ന് ഗവർണർ ചോദിച്ചു. ഈ ഗുണ്ടകളാണോ ഭരിക്കുന്നത്. ക്രിമിനലുകൾ. മുഖ്യമന്ത്രിയുടെ പാർട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. കാർ ആക്രമിക്കുന്നതാണോ ജനാധിപത്യം. അവർ മുഖ്യമന്ത്രിയുടെ കാർ ആക്രമിക്കുമോ. കണ്ണൂരിൽ ചെയ്തതുപോലെ എന്നെ ശാരീരികമായി ആക്രമിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണിത്. ക്രിമിനലുകളെ വെച്ചുപൊറുക്കില്ല. ജനങ്ങൾക്ക് എന്തു സുരക്ഷയാണുള്ളത്. റോഡ് ഭരിക്കാൻ ഒരു ക്രിമിനലുകളെയും താൻ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു.
മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാൻ ഗൂഢാലോചന നടത്തുകയാണ്. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ്. ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തതുകൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോയെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിക്കുന്നു.

