ശബരിമലയിലെ തിരക്ക്; വിഷയം പാർലമെന്റിൽ ഉന്നയിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ശബരിമലയിലെ തിരക്ക് പാർലമെന്റിൽ ഉന്നയിച്ച് കോൺഗ്രസ്. ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്തജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് ടി.എൻ പ്രതാപൻ എംപി. പോലീസുകാരെ കുറച്ച് ശബരിമല തീർത്ഥാടനം ദുരന്തപൂർണമാക്കി മാറ്റിയത് സംസ്ഥാന സർക്കാരാണെന്ന് ആന്റോ ആന്റണി എംപിയുടെ ആരോപണം.

ശബരിമലയിൽ തീർത്ഥാടകർ അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്താണ് എംപിമാർ വിഷയത്തിൽ ഇടപെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരസ്പരം പഴിചാരി സമയം കളയുകയാണെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും പ്രതാപൻ എംപി ആവശ്യപ്പെട്ടു. വെർച്വൽ ക്യൂ ബുക്കിംഗ് തികഞ്ഞ പരാജയമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ നവ കേരള സദസ്സിന് വേണ്ടി പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. ശബരിമലയിൽ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചത് ഓരോ എട്ട് മണിക്കൂറിലും 650 പൊലീസുകാരെ മാത്രമാണ്. എന്നാൽ ഇടുക്കിയിൽ മാത്രം 2500 പൊലീസുകാരെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് വേണ്ടി അനുവദിച്ചു. സർക്കാർ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയില്ല. ശബരിമല തീർത്ഥാടനം തുടങ്ങുന്നതിനു മുൻപ് മുന്നറിയിപ്പ് നൽകിയതാണ്. ദേവസ്വം മന്ത്രിയോടും ഇക്കാര്യം സൂചിപ്പിച്ചു. ഒരുക്കങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു. പൊലീസ് ആവശ്യത്തിന് ഇല്ലെങ്കിൽ കേന്ദ്ര പൊലീസിന്റെ സഹായം തേടണമെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.