ജവഹർലാൽ നെഹ്‌റുവിന്റെ പിഴവുകളിലാണ് കശ്മീർ പ്രശ്‌നങ്ങളുടെ വേരുകൾ കിടക്കുന്നത്; അമിത് ഷാ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജവഹർലാൽ നെഹ്‌റുവിന്റെ പിഴവുകളിലാണ് കശ്മീർ പ്രശ്‌നങ്ങളുടെ വേരുകൾ കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെയാണു രാജ്യസഭയിൽ അമിത് ഷാ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

കശ്മീരിനേക്കാൾ കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. എന്നിട്ടുമെന്താണു ജമ്മു കശ്മീരിൽ മാത്രം ഭീകരതയുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. ആർട്ടിക്കിൾ 370 കാരണം വിഘടനവാദം രൂപപ്പെട്ടതാണു കാരണം. തെറ്റായ മാർഗത്തിലൂടെയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നാണു സുപ്രീംകോടതിയുടെ വിധിക്കു ശേഷവും കോൺഗ്രസ് പറയുന്നത്. അംഗീകരിക്കില്ലെന്നും പറയുന്നു. 40 വർഷങ്ങളുടെ തെറ്റുകൾ മോദി നാലു വർഷം കൊണ്ട് ശരിയാക്കുമെന്ന് അവർ പ്രതീക്ഷിച്ചില്ല. പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനിടെ അനവസരത്തിലെ വെടിനിർത്തൽ ഇല്ലായിരുന്നെങ്കിൽ പാക്ക് അധിനിവേശ കശ്മീർ ഉണ്ടാകുമായിരുന്നില്ല. നെഹ്‌റു രണ്ടു ദിവസം കാത്തിരുന്നെങ്കിൽ നമ്മുടെ രാജ്യം വിജയിക്കുകയും കശ്മീർ മുഴുവനും നമ്മുടെ സ്വന്തമാകുകയും ചെയ്യുമായിരുന്നു. ഭീകരതയില്ലാത്ത കശ്മീർ എന്ന ലക്ഷ്യത്തിനടുത്താണ് ഇപ്പോൾ നമ്മളെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.