ഐ.പി.എല്‍. താരലേലത്തില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റ് പുറത്തുവിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ. ലിസ്റ്റിലുള്ളത് 333 പേരാണ്. ഇതില്‍ 119 പേര്‍ വിദേശ താരങ്ങളും 214 പേര്‍ ഇന്ത്യക്കാരുമാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍നിന്നുള്ള രണ്ടുപേരുമുണ്ട്.രണ്ട് കോടി അടിസ്ഥാന വിലയുള്ള 23 പേരും ഒന്നരക്കോടി അടിസ്ഥാനവിലയുള്ള 13 പേരുമാണുള്ളത്. നിലവില്‍ ലേലത്തിൽ ഐ.പി.എലിലെ വിവിധ ക്ലബുകളില്‍ കളിക്കുന്ന 116 പേരുണ്ട്.
ഒരു ഐ.പി.എല്‍. ടീമിലും കളിക്കാത്തവരാണ് 215 പേരും. രണ്ട് കോടി അടിസ്ഥാന വിലയുള്ള 23 പേരില്‍ മൂന്ന് ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. ഹര്‍ഷല്‍ പട്ടേല്‍, ശര്‍ദൂല്‍ ഠാക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണവര്‍. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 13 പേരില്‍ ഇന്ത്യക്കാരായി ആരുമില്ല. 77 സ്ലോട്ടുകളാണ് ടീമുകള്‍ക്ക് പരമാവധി ലഭ്യമാവുക. ഇതില്‍ വിദേശകളിക്കാര്‍ പരമാവധി 30 പേര്‍. ദുബായിലെ കൊക്കക്കോള അരീനയില്‍ ഡിസംബര്‍ 19-നാണ് താരലേലം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-നായിരിക്കും ചടങ്ങുകള്‍. ഇന്ത്യക്ക് പുറത്ത് ഇതാദ്യമായാണ് ഐ.പി.എല്‍. താരലേലം നടക്കുന്നത്.

