ഇടുക്കി: പരിഹരിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു പ്രതിസന്ധിയും നിലവിൽ ശബരിമലയിൽ ഇല്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പതിനെട്ടാം പടിയിൽ തിരക്ക് വർധിച്ചതിനാലാണ് ഭക്തർ കൂടുതൽ സമയം നിൽക്കേണ്ടി വന്നത്. ശബരിമലയിൽ തിരക്ക് കൂടിയതിൽ പോലീസിന് വീഴിചയില്ല. പതിനെട്ടാം പടി കയറ്റുന്ന കാര്യം കുറച്ചുകൂടെ വേഗത്തിലാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി. 70000 മുതൽ 80000 ആളുകൾ വരുമ്പോൾ നമുക്കത് കൈകാര്യം ചെയ്യാൻ സാധിക്കും. അതിൽ കൂടുതൽ ആളുകൾ വരുമ്പോൾ വലിയ പ്രയാസമുണ്ടാകും. ആ പ്രയാസം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ പോലീസിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട ക്യൂ നിൽക്കുമ്പോൾ ഭക്തർക്ക് പ്രയാസമുണ്ടാകും. കുറച്ച് സഹിക്കാതെ വേറെ മാർഗമില്ല. ഇത്രയും ആളുകളെ പതിനെട്ടാം പടി കയറ്റാതെ നമുക്ക് തിരിച്ച് വിടാൻ കഴിയില്ലല്ലോ. നീണ്ട ക്യൂ ഉണ്ടാകുന്നുണ്ട്. ഈ സമയത്ത് ഭകതർക്ക് വെള്ളവും ചെറിയ ലഘുഭക്ഷണവും നൽകാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. പതിനേഴ് മണിക്കൂറായിരുന്നു ദർശനം. ഇത് തന്ത്രിയുമായി ചർച്ച ചെയ്ത് 18 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. അതുപോലെ വെർച്വൽ ക്യൂവിൽ 90,000 ആളുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. അത്രയും ആളുകൾ വരില്ല. ഇത് മുന്നിൽക്കണ്ട് നിലവിൽ സംഖ്യ 80,000-മായി ചുരുക്കിയിട്ടുണ്ട്. ഇതിനുപുറമെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.