40 നോട്ടെണ്ണൽ മെഷീനുകൾ; റെയ്ഡിൽ പിടിച്ചെടുത്ത 351 കോടി രൂപ എണ്ണിത്തീർത്തത് 80 പേരടങ്ങുന്ന ഒൻപത് ടീമുകൾ

ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 351 കോടിയിലധികം രൂപയുടെ കള്ളപ്പണം. നോട്ടുകൾ എണ്ണിത്തീർത്തത് അഞ്ച് ദിവസം കൊണ്ടാണ്. 200 ചാക്കുകളിലാക്കി ഇവ ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്.

40 നോട്ടെണ്ണൽ മെഷീനുകളുടെ സഹായത്തോടെയാണ് നോട്ടെണ്ണൽ പൂർത്തിയാക്കിയത്. 80 പേരടങ്ങുന്ന ഒൻപത് ടീമുകളാണ് രാപ്പകലില്ലാതെ നോട്ടെണ്ണിയത്. രാജ്യത്ത് ഒരു സ്ഥാപനത്തിൽ നിന്ന് ഒരു ഏജൻസി പിടിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ആദായനികുതി വകുപ്പ് ഡിസംബർ ആറിനാണു ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പുമായി ബന്ധമുള്ള ഒഡീഷയിലെ കോൺഗ്രസ് നേതാവും ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗവുമായ ധീരജ് പ്രസാദ് സാഹുവിന്റെ കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ചത്.

സംഭവത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ബിജെപി. കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നു കള്ളപ്പണം പിടിച്ചതിനെക്കുറിച്ച് രാഹുൽ ഗാന്ധി നിശബ്ദനായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി ചോദിക്കുന്നു.

കോൺഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ജാർഖണ്ഡ് ബിജെപി നേതാവ് ബാബുലാൽ മറാണ്ടി ആവശ്യപ്പെട്ടു. ഈ പണത്തിന്റെ ഉറവിടം അന്വേഷിച്ചാൽ അത് ഝാർഖണ്ഡിന്റെ ജെഎംഎം മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടുപടിക്കൽ ചെന്ന് നിൽക്കുമെന്നും ബാബുലാൽ മറാണ്ടി വ്യക്തമാക്കി.

എന്നാൽ, സാഹുവിന്റെ ബിസിനസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും, കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ പ്രതികരിക്കേണ്ടത് സാഹുവാണെന്നുമുള്ള നിലപാടിലാണ് കോൺഗ്രസ്. കോൺഗ്രസിനെ ഏജൻസികൾ വേട്ടയാടുമ്പോൾ ബിജെപി നേതാക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധനയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഈ പണത്തിന് കോൺഗ്രസുമായി ബന്ധമില്ലെന്നാണ് ജയറാം രമേശും പ്രതികരിച്ചു.