ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാൻ കഴിയില്ല; കെ സുരേന്ദ്രൻ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര നേതൃത്വമാണ് മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. രാഹുൽ ഗാന്ധിയ്ക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കിൽ തങ്ങൾക്ക് വന്ന് മത്സരിച്ചു കൂടെ. വയനാട്ടിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം ആലോചനയിലുണ്ട്. ബിഡിജെഎസുമായി ആലോചിച്ച് അക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം വിശദമാക്കി.

കേരളത്തിലെ സർവകലാശാലകളിൽ നിന്ന് എസ്എഫ്‌ഐ ക്രിമിനലുകളെ പുറത്താക്കും. എഴുപത് വർഷമായി എകെജി സെന്ററിലെ അടിച്ചു തളിക്കാരാണ് സെനറ്റിലും സിൻഡിക്കേറ്റിലും ഉള്ളത്. ഇപ്പോൾ ശരിയായ ആൾക്കാർ വന്നപ്പോൾ എന്തിനാണ് ബഹളം വെയ്ക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ജെഎൻയു പൊളിച്ചില്ലേ? അതിനേക്കാൾ എളുപ്പത്തിൽ നടക്കും കേരളത്തിൽ. അക്ഷരാഭ്യാസമില്ലാത്ത ഏരിയാ സെക്രട്ടറിമാർ എഴുതിക്കൊടുക്കുന്ന കടലാസ് വെച്ച് സെനറ്റും സിൻഡിക്കേറ്റും കുത്തി നിറച്ചതാണ് കഴിഞ്ഞ കാലത്തെ ചരിത്രമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.