ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആക്രമണോത്സുകരായ താരങ്ങളായിരുന്നു ഗൗതം ഗംഭീറും മലയാളി താരം ശ്രീശാന്തും. യാതൊരു മടിയും എതിര് താരങ്ങളുമായി കൊമ്പുകോര്‍ക്കാന്‍ കാണിക്കാത്ത താരങ്ങള്‍. എതിര് ടീമിലെ താരങ്ങളുമായി കളിച്ചിരുന്ന കാലത്ത് ഇരുവരും വാക്പോര് നടത്തിയ നിരവധി സംഭവങ്ങളുണ്ട്. എന്നാലിപ്പോഴിതാ ഇരുവരും വിരമിച്ച് 40 വയസ് പിന്നിട്ടിട്ടും കളത്തിലെ ആ കലിപ്പ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സൂറത്തിലെ ലാല്‍ഭായ് കോണ്ട്രാക്ടര് സ്റ്റേഡിയത്തില്‍ നടന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും നേര്‍ക്കുനേര്‍വന്ന് ഒരു അടിയുടെ വക്കോളമെത്തി. ഇരുവരും തമ്മിലുള്ള വാക്ക്പോര് ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിനിടെയായിരുന്നു . ഇരുവരും മത്സരത്തിനിടയിൽ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ തമ്മില്‍ ഉടക്ക് തുടങ്ങി. ശ്രീശാന്തിനെ ഗംഭീര്‍ ഒരു ഫോറും സിക്സുമടച്ചു. പിന്നാലെ ഗംഭീറിന് നേര്‍ക്ക് മറുപടിയായി ശ്രീയുടെ ഒരു തുറിച്ചുനോട്ടമായിരുന്നു.
ഗംഭീറും വിട്ടുകൊടുത്തില്ല. തുടര്‍ന്നും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. ശേഷം ഗംഭീറിനോട് ചൂടായി തട്ടിക്കയറുകയും താരത്തിനടുത്തേക്ക് വരാന്‍ ശ്രമിക്കുകയും ചെയ്ത ശ്രീയെ അമ്പയര്‍മാരും സഹതാരങ്ങളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

