മിഷോങ് ചുഴലിക്കാറ്റ്; തമിഴ്‌നാടിന് സഹായവുമായി കേന്ദ്ര സർക്കാർ

ചെന്നൈ: തമിഴ്‌നാടിന് സഹായവുമായി കേന്ദ്ര സർക്കാർ. മിഷോങ് ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളായ തമിഴ്‌നാടിനും ആന്ധ്രാപ്രദേശിനും ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ രണ്ടാം ഗഡു വിതരണം ചെയ്തു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് ധനസഹായം വിതരണം ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങൾക്കും കേന്ദ്രം നേരത്തെ ആദ്യ ഗഡു അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂറായി രണ്ടാം ഗഡു നൽകിയത്. ആന്ധ്രാപ്രദേശിന് 493.60 കോടി രൂപയും തമിഴ്നാടിന് 450 കോടി രൂപയുമാണ് നൽകിയിട്ടുള്ളത്.

നഗര പ്രദേശങ്ങളിലെ പ്രളയ ലഘൂകരണ പദ്ധതിക്കായി 561.29 കോടി രൂപയ്ക്കും കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. നഗര പ്രദേശ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്കുള്ള 500 കോടിയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടുന്നുണ്ട്.