‘സത്യമേവ ജയതെ’ എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കി; ശശി തരൂർ

തിരുവനന്തപുരം: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ‘സത്യമേവ ജയതെ’ എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദിയിൽ ‘സത്താ’ എന്ന വാക്കിന്റെ അർത്ഥം അധികാരം എന്നാണ്. ബിജെപിയുടെ ദേശീയത മതാടിസ്ഥാനത്തിൽ മാത്രമാണ്. അത് അപകടവും ദുരന്തവുമാണെന്ന് തരൂർ കുറ്റപ്പെടുത്തി.

നമ്മുടെ ഭരണഘടനാ അവകാശങ്ങളെയും നാം നേടിയ സാമൂഹ്യമാറ്റങ്ങളെയും അത് തകർക്കുന്നു. കെപിസിസി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചരിത്ര കോൺഗ്രസ് സെമിനാറിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകത്ത് മറ്റു രാജ്യങ്ങളെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ മതപരമായ വിഭജനാണ് ഇവിടെ നടന്നത്. വൈജാത്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ മഹത്വം. വ്യത്യസ്ത മതങ്ങളെയും ഭാഷയേയും ഉൾക്കൊള്ളുകയും എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്തതാണ് കോൺഗ്രസിന്റെ ചരിത്രം. സ്വാതന്ത്ര്യാനന്തരം വിശ്രമിക്കാനുള്ളതല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിയാണ് തുടർന്നുള്ള പ്രയാണം എന്നുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്രു പറഞ്ഞത്. അതായിരുന്നു കോൺഗ്രസിന് ജനങ്ങളോടുള്ള പ്രതിബദ്ധതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണ പൗരനും ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ ഭരണഘടനപരമായ പരമോന്നത പദവികൾ വഹിക്കാൻ സാധിച്ചത് ദേശീയ പ്രസ്ഥാനം നയിച്ച പോരാട്ടത്തിന്റെ തുടർച്ചയായുണ്ടായ ജനാധിപത്യ സംവിധാനം കൊണ്ടാണ്. മോദി ഭരണകൂടം അതിനെ ഇല്ലായ്മ ചെയ്യുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മയും ദുരിതവും പെരുകുന്നു. എന്നിട്ടും മോദിയും കൂട്ടരും പറയുന്നത് ഷൈനിങ് ഇന്ത്യയെന്നാണെന്ന അദ്ദേഹം വിമർശിച്ചു.

മേക്ക് ഇൻ ഇന്ത്യ, ഷൈനിങ് ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ കുറെ പരസ്യവാചകങ്ങളുടെ തടവറയിൽ തളച്ചതൊഴിച്ചാൽ ഇന്ത്യയുടെ നിർമ്മിതിക്ക് വേണ്ടി ഒരു സംഭാവനയും ബിജെപിയുടേതായില്ല. നമ്മുടെ സ്വകാര്യത തകർത്ത് അടുക്കളയിലും തീന്മേശകളിലും വരെ കടന്ന ചെന്ന വെറുപ്പിന്റെ രാഷ്ട്രീയം മാത്രമാണ് അവരുടെ സംഭാവനയെന്ന് തരൂർ കൂട്ടിച്ചേർത്തു.