ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി കരസ്ഥമാക്കി കൊൽക്കത്ത. ഇത് മൂന്നാം വർഷമാണ് കൊൽക്കത്തയെ തേടി ഇത്തരമൊരു നേട്ടം എത്തുന്നത്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിലാണ് കൊൽക്കത്ത ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മഹാനഗരങ്ങളിൽ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് ഈ പദവി നൽകുന്നത്. 2016 മുതൽ കൊൽക്കത്തയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2021 -ൽ ലക്ഷത്തിൽ 103.4 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ൽ ഇത് 86.5 ആണ്.
2021 -ൽ പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരു ലക്ഷം ജനസംഖ്യയിൽ 256.8 ഉം 259.9 ഉം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20 ലക്ഷം ജനസംഖ്യ വരുന്ന 19 നഗരങ്ങൾക്കിടയിലാണ് റാങ്കിംഗ് നൽകിയിരിക്കുന്നത്. എന്നാൽ കൊൽക്കത്തയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 -ൽ കേസുകളുടെ എണ്ണം 1,783 ആയിരുന്നു എങ്കിൽ അത് 2022 -ൽ 1,890 ആയി ഉയർന്നിട്ടുണ്ട്. കോയമ്പത്തൂരിനേക്കാളും (12.9) ചെന്നൈയേക്കാളും (17.1) കൂടുതൽ ആണിത്.
2021 ൽ 45 കൊലപാതകക്കേസുകളാണ് കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022 -ൽ 34 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2022 -ലും 21 -ലും 11 ബലാത്സംഗക്കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

