രാജസ്ഥാൻ മുഖ്യമന്ത്രി പദം; സാധ്യതാ പട്ടികയിലുള്ളത് ഈ നേതാക്കൾ…

ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കേന്ദ്രമന്ത്രിയുമായ അശ്വിനി വൈഷ്ണവാണെന്ന് റിപ്പോർട്ട്. രണ്ടു ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് അശ്വനി വൈഷ്ണവ്. സാങ്കേതിക വിദഗ്ധൻ കൂടിയായ അദ്ദേഹം സംവരണവിഭാഗക്കാർക്കു കൂടി സമ്മതനായ സവർണ വിഭാഗക്കാരനാണ്. ഒഡിഷയിൽ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം ഇപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രിയാണ്.

കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള മറ്റൊരു വ്യക്തി. ദലിത് വിഭാഗത്തിൽ നിന്നുള്ള അർജുൻ റാം മേഘവാളിന്റെ പേരും മുൻഗണനാപട്ടികയിലുണ്ട്. ഓം മാത്തൂരിന്റെ പേരും പട്ടികയിലുണ്ട്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും പാർട്ടിയുടെ വിജയത്തിനു കാരണം ഓം മാത്തൂരിന്റെ പ്രവർത്തന മികവാണെന്ന വിലയിരുത്തലുണ്ട്. കിരോഡി ലാൽ മീണ ചിത്തോർഗഡ് എംപി സി.പി. ജോഷി, ബാബ കൽനാഥ്, ദിയ കുമാരി തുടങ്ങിയവരാണ് പരിഗണനാ പട്ടികയിലുള്ള മറ്റുള്ളവർ.