2024 ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കേണ്ട; ധനമന്ത്രി

ന്യൂഡൽഹി: 2024 ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ വരാനിരിക്കുന്ന ബജറ്റ് വോട്ട് ഓൺ അക്കൗണ്ട് മാത്രമാകുമെന്നും പൂർണ ബജറ്റ് ജൂലായ് മാസത്തിലാകുമെന്നുമുള്ള സൂചനയാണ് ധനമന്ത്രി മുന്നോട്ടുവെയ്ക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ഗ്ലോബൽ ഇക്കണോമിക് പോളിസി ഫോറത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.

പ്രഖ്യാപനങ്ങൾക്കായി പൊതുതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്ന് ധനമന്ത്രി വിശദമാക്കി. വോട്ട് ഓൺ അക്കൗണ്ട് ഇടക്കാല ബജറ്റ് മാത്രമാണ്. പുതിയ സർക്കാർ വരുന്നതുവരെയുള്ള ചെലവുകൾക്കായി നിലവിലുള്ള സർക്കാർ പാർലമെന്റിന്റെ അംഗീകാരം തേടുകമാത്രമാണ് അതിലൂടെ ചെയ്യുന്നത്.

അതേസമയം, ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റിന് മുമ്പായി സാമ്പത്തിക സർവെ അവതരിപ്പിച്ചേക്കും.