നേതാക്കൾക്ക് അസൗകര്യം; മല്ലികാർജുൻ ഖാർഗെ വിളിച്ചു ചേർത്ത ഇന്ത്യ മുന്നണി യോഗം മാറ്റിവെച്ചു

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചു ചേർത്ത ഇന്ത്യ മുന്നണി യോഗം മാറ്റിവെച്ചു. മറ്റു കക്ഷി നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിവെച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെയാണ് ഇന്ത്യ മുന്നണി യോഗം വിളിച്ചു ചേർത്തത്.

ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യു.പിയിലെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ അസൗകര്യം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ഡിസംബർ 17ന് പാർട്ടി അദ്ധ്യക്ഷൻമാരുടെ യോഗം ചേരുമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് ലല്ലു പ്രസാദ് യാദവ് അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്നാണ് മമത ബാനർജി അറിയിച്ചത്. ചെന്നൈയിലെ പ്രളയം കാരണം യോഗത്തിനെത്താൻ ബുദ്ധിമുട്ടുണ്ടെന്നാണ് സ്റ്റാലിൻ പറഞ്ഞത്. നിതീഷ് കുമാറും അഖിലേഷ് യാദവും പ്രതിനിധികളെ അയക്കാമെന്ന് അറിയിച്ചിരുന്നു.