ലോക്സഭാ തിരഞ്ഞെടുപ്പ്; പുതിയ കരുനീക്കങ്ങളുമായി ബിജെപി

ന്യൂഡൽഹി: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി ബിജെപി. ഈ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങളെ എത്തിക്കാനാണ് പാർട്ടി പദ്ധതിയിടുന്നതെന്നാണ് വിവരം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം മുന്നിൽ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.

മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തിവരികയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇക്കാര്യം ചർച്ച ചെയ്യാനായി യോഗം ചേരുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ മൂന്ന് സംസ്ഥാനത്തെയും മുൻനിരയിലുള്ള നേതാക്കളെ പരിഗണിച്ചിരുന്നു.

അമിത് ഷായും നദ്ദയും മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരുമായും ചർച്ചകൾ നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കന്മാരെക്കുറിച്ച് ഷായും നദ്ദയും സംസ്ഥാന അദ്ധ്യക്ഷന്മാരോട് വിവരങ്ങൾ തേടിയെന്നാണ് പുറത്തു വരുന്ന വിവരം. മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടി ഉടൻ തന്നെ നിരീക്ഷകരെ നിയമിക്കാനാണ് സാധ്യത. ഇവരായിരിക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാൻ, പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമർ, മുതിർന്ന നേതാവ് കൈലാഷ് വിജയവർഗിയ തുടങ്ങിയവരാണ് മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾ.

രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധര രാജ സിന്ധ്യ, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ശെഖാവത്ത്, അർജുൻ രാം മേഘ്വാൾ, പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സിപി ജോഷി, മഹന്ത് ബാലക് നാഥ്, ദിയാ കുമാരി തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.

മുൻമുഖ്യമന്ത്രി രമൺ സിംഗ്, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ അരുൺ കുമാർ സാവോ, പ്രതിപക്ഷ നേതാവായിരുന്ന ധരംലാൽ കൗശിക്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഒപി ചൗധരി എന്നിവരെയാണ് ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.