വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ

നവകേരള സദസിനായി വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്ന വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ. കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ പ്രകാശിന്റെ നിർദേശ പ്രകാരം പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണം.നിർദേശം നൽകിയത് വാട്‌സ് ആപ് ഗ്രൂപ്പ് വഴിയാണ്. സംഘാടക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമാണ് താൻ ചെയ്തതതും തീരുമാനം തന്റേതല്ലെന്നുമാണ് ജയപ്രകാശിന്റെ വാദം. ജയപ്രകാശ് വ്യാപാരികളോട് നിർദേശിക്കുന്നത് നവകേരള സദസ് എറണാകുളം ജില്ലയിലെത്തുന്ന എട്ട്, ഒമ്പത് തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്നാണ്. ഒരു വിഭാഗം വ്യാപാരികളും നിർദേശം അംഗീകരിക്കാനാവില്ലെന്നറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

“ഡിസംബർ 10-ന് രാവിലെ പെരുമ്പാവൂരിൽ നവകേരള സദസ് നടക്കുകയാണല്ലോ. ഇതൊരു സർക്കാർ പ്രോ​ഗ്രാം ആണ്. ആയതിനാൽ എല്ലാവരും സ​ഹകരിക്കണം. നവകേരള സ​ദസ് പ്രമാണിച്ച് 8/12/2023, 9/12/2023 തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തേണ്ടതുണ്ട്. ആയതിനാൽ 8,9 തീയതി രാത്രികളിൽ എല്ലാ കടകളും ദീപാലങ്കാരം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.”- എന്നായിരുന്നു കടയുമടകൾക്ക് ലേബർ ഓഫീസർ അയച്ച സന്ദേശം.