താൻ അനാദരവൊന്നും കാട്ടിയില്ല; വിവാദ ചിത്രത്തില്‍ പ്രതികരണവുമായി മിച്ചൽ മാർഷ്

പെർത്ത്: ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ഓസീസ് ഓൾ റൗണ്ടർ മിച്ചൽ മാർഷ് ട്രോഫിയുടെ മുകളിൽ കാൽ കയറ്റി വച്ച് പോസ് ചെയ്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മാർഷ് ട്രോഫിയോട് അനാദരവ് കാട്ടിയെന്നായിരുന്നു ഉയർന്ന വിമർശനം. എന്നാൽ, താൻ അനാദരവൊന്നും കാട്ടിയില്ലെന്ന് മാർഷ് വ്യക്തമാക്കി.

വേണമെങ്കിൽ, അതാവർത്തിക്കാൻ മടിക്കില്ലെന്നും മാർഷ് അറിയിച്ചു. സെൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ അതിനെ കുറിച്ച് കൂടുതൽ ആലോചിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ വിമർശനവും താൻ കണ്ടിട്ടില്ല. അതിൽ കാര്യമായി ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മാർഷിന്റെ പ്രവൃത്തി തന്നെ വേദിപ്പിച്ചെന്ന് ഇന്ത്യൻ താരം മുഹമ്മദ് ഷമി പ്രതികരിച്ചിരുന്നു. ലോകത്തിലെ ഏല്ലാം ടീമുകളും മോഹിക്കുന്ന, ലോകകപ്പ് തലയ്ക്ക് മുകളിൽ ആഹ്ലാദത്തോടെ ഉയർത്താൻ ആഗ്രഹിക്കുന്ന കപ്പിൽ മാർഷ് കാൽ വച്ചത് തനിക്ക് വേദനയുണ്ടാക്കിയെന്നായിരുന്നു ഷമിയുടെ പ്രതികരണം.