ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ ചെന്നൈയെ മറികടന്ന് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ കരതൊടാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
തിങ്കളാഴ്ച തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 സെന്റിമീറ്ററോ അതിൽ കൂടുതലോ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. അതിനാൽ ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 4 ന് പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു. മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്താണ് നടപടി.
ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അധികൃതരോട് നിർദ്ദേശിച്ചു.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് 18 ടീമുകളെ എൻഡിആർഎഫ് ലഭ്യമാക്കുകയും 10 അധിക ടീമുകളെ സജ്ജരാക്കുകയും ചെയ്തിട്ടുണ്ട്.

