കൊച്ചി: തൃശ്ശൂർ പുത്തൂർ മൃഗശാലയിൽ നവകേരള സദസിന് അനുമതി നൽകിയതിൽ വിശദീകരണം തേടി ഹൈക്കോടതി. സദസിന്റെ വേദി മ്യഗശാലക്ക് അകത്താണോ പുറത്താണോയെന്ന് മൃഗശാല ഡയറക്ടർ നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരിക്കമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
ചീഫ് ജസ്റ്റീസ് എ ജെ ദേശായി, വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നവകേരള സദസ്സിന് അനുമതി നൽകിയ പാർക്കും വന്യമൃഗങ്ങളെ പാർപ്പിച്ച കണ്ടെയ്ൻമെന്റ് സോണും തമ്മിൽ രണ്ട് കിലോമീറ്റർ അകലമുണ്ടെന്നാണ് തൃശൂർ മൃഗശാല ഡയറക്ടർ ഡയറക്ടർ ആർ. കീർത്തി വിശദമാക്കിയത്.
പാർക്കിന്റെ സ്ഥലം മൃഗശാല ആവശ്യത്തിന് വേണ്ടിയുള്ളതല്ലേയെന്ന് കോടതി ചോദിച്ചു. കോടതി അനുമതി നൽകിയില്ലെങ്കിൽ വേദി മാറ്റാമെന്ന് സർക്കാർ അറിയിച്ചു. നിയമ പ്രകാരം മൃഗശാല ചുറ്റളവിലല്ല നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്നും മൃഗശാലയുടെ കൈവശമുള്ള പാർക്ക് പരിസരത്താണ് അനുമതിയെന്നും സർക്കാർ വിശദീകരിച്ചു.

