ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാന മുഖ്യമന്ത്രിക്കാണ് സുപ്രീം കോടതി വിധി വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്. കണ്ണൂർ വൈസ് ചാൻസലറെ പുനർ നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചും യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുമാണ്. അത് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്. സ്വജനപക്ഷപാതവും അഴിമതിയുമാണ് നിയമനത്തിൽ നടന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഗവർണറുടെ പ്രസ്താവന അത് ശരിവെക്കുന്നതാണ്. മുഖ്യമന്ത്രി നേരിട്ട് സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഒപ്പിട്ടതെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. ഇവിടെ രാജിവയ്‌ക്കേണ്ടത് ഉന്നതവിദ്യാഭ്യാസമന്തി ബിന്ദുവല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ അടുത്ത കാലത്തൊന്നും കേരള സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് ഇത്രവലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മുഖ്യമന്ത്രി നടത്തിയത്. സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് ചാൻസലറെ നിയമിക്കാൻ നിയതമായ മാർഗം ഉണ്ട്. ഇവിടെ അമിതാധികാരണ പ്രവണതയാണ് മുഖ്യമന്ത്രി നടത്തിയത്. ഗവർണറുടെ നിലപാടല്ല സുപ്രീം കോടതി ചോദ്യം ചെയ്തതെന്നും സർക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

