ചാൻസലർ പദവികളിൽ ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചല്ല; സുപ്രീം കോടതി

ന്യൂഡൽഹി: സർവകലാശാലകളുടെ ചാൻസലർ പദവികളിൽ ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉപദേശവും സഹായവും അനുസരിച്ച് അല്ലെന്ന് സുപ്രീം കോടതി. സർവകലാശാലയുടെ മാത്രം താത്പര്യം കണക്കിലെടുത്താകണം വൈസ് ചാൻസലറുടെ പുനർനിയമനം നടത്തേണ്ടതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചത് അധികാരം അടിയറവ് വെച്ചുകൊണ്ടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വി.സിയുടെ പുനർനിയമനം റദ്ദാക്കാൻ യു.ജി.സി. ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന കാരണം മാത്രം പറഞ്ഞ ഗവർണറുടെ നടപടി അമ്പരപ്പിച്ചെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 161-ാം അനുച്ഛേദ പ്രകാരം ഗവർണർക്ക് ശിക്ഷ ഇളവ് നൽകൽ, പരോൾ അനുവദിക്കൽ തുടങ്ങി പല അധികാരങ്ങളും ഉണ്ട്. ഈ അധികാരങ്ങൾ ഗവർണർ വിനിയോഗിക്കേണ്ടത് സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ്. എന്നാൽ എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് അല്ലെന്നും സുപ്രീം കോടതി അറിയിച്ചു. നിയമംമൂലം ലഭിക്കുന്ന ഉത്തരവാദിത്വങ്ങളിൽ സ്വന്തമായാണ് തീരുമാനം എടുക്കേണ്ടത്. മറ്റ് ആരുടെയെങ്കിലും സമ്മർദമോ ആവശ്യമോ കണക്കിലെടുത്ത് തീരുമാനം എടുത്താൽ അത് അധികാരം അടിയറവ് വയ്ക്കുന്നതിന് തുല്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ മറ്റാരെങ്കിലും എടുക്കുന്ന തീരുമാനത്തിന് അംഗീകാരം നൽകുന്ന റബർ സ്റ്റാമ്പ് ആയി ഗവർണർമാർ മാറാൻ പാടില്ല. അധികാരം അടിയറവുവെച്ച് എടുത്ത തീരുമാനം റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.