മഹിളാ കിസാൻ ഡ്രോൺ കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ജൻ ഔഷധി കേന്ദ്രങ്ങൾ ഉയർത്തുമെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: വനിതാ കർഷക സ്വയംസഹായ സംഘങ്ങൾക്കായി ഡ്രോണുകൾ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി മഹിളാ കിസാൻ ഡ്രോൺ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. വീഡിയോ കോൺറഫറൻസിംഗിലൂടെയാണ് ഉദ്ഘാടനം നടന്നത്.

വികസിത് ഭാരത് സങ്കൽപ് യാത്രയിലെ ഗുണഭോക്താക്കളുമായി അദ്ദേഹം വീഡിയോ കോൺഫറൻസിൽ സംവദിക്കുകയും ചെയ്തു. പ്രധാനമന്ത്രി മഹിളാ കിസാൻ ഡ്രോൺ കേന്ദ്രത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 15,000 ഡ്രോണുകളെങ്കിലും വനിതാ സ്വയം സഹായ സംഘങ്ങൾക്ക് നൽകും. വനിതാകർഷകർക്ക് ഡ്രോണുകൾ പറത്തുന്നതിനും ഉപയോഗിക്കുന്നതിനുള്ള ആവശ്യമായ പരിശീലനവും കേന്ദ്രകൃഷി മന്ത്രാലയം നൽകും. ഈ സംരംഭം കാർഷികരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യകരമായ ഇന്ത്യക്കായുള്ള ആണിക്കല്ലായിരുന്നു ജൻ ഔഷധി കേന്ദ്രങ്ങൾ. മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചതാണ് ആരോഗ്യമേഖലയിലെ പ്രധാന മുന്നേറ്റമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ൽ നിന്ന് 25,000 ആക്കി ഉയർത്താനുള്ള പദ്ധതിയ്ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. രാജ്യത്ത് സബ്‌സിഡി നിരക്കിൽ മരുന്നുകൾ വിൽക്കുന്നതാണ് ജൻ ഔഷധി കേന്ദ്രങ്ങൾ. പരിപാടിയിൽ ദിയോഘറിലെ എയിംസിൽ 10,000-ാമത് ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി സമർപ്പിച്ചു.